ടെക്സസ്: ഹംബിളിൽ പോലീസ് ഓഫീസറാണെന്ന് വ്യാജേന തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. എൽ സാൽവദോർ സ്വദേശിയായ ജുവാൻ ക്രൂസ് ഗാർസിയ (39) ആണ് ഹംബിൾ പോലീസിന്റെ പിടിയിലായത്.
ഈസ്റ്റെക്സ് ഫ്രീവേയിലെ ട്രാഫിക് സിഗ്നലിൽ വച്ചാണ് മുൻപിലും പുറകിലും "പോലീസ്' എന്നും വശങ്ങളിൽ "ഫെഡറൽ പാസ്റ്റർ ജുവാൻ ക്രൂസ്' എന്നും എഴുതിയ ടൊയോട്ട കാംറി കാർ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് വാഹനം തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ പോലീസ് ഓഫീസറാണെന്ന് ഇയാൾ അവകാശപ്പെടുകയായിരുന്നു. ഒപ്പം "ഡിറ്റക്റ്റീവ് പൊലീസ് ഓഫിസർ ന്യൂയോർക്ക്' എന്ന് രേഖപ്പെടുത്തിയ വ്യാജ തിരിച്ചറിയൽ രേഖയും ഇയാൾ പോലീസിന് കൈമാറി.
വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും ഇയാൾക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് മേൽ നിലവിൽ ഇമിഗ്രേഷൻ ഹോൾഡും ഏർപ്പെടുത്തിയിട്ടുണ്ട്.